ശബരിമല: തുലാമാസ പൂജക്കായി നട തുറന്ന ശേഷം ശബരിമല ദര്‍ശനത്തിനുള്ള തിരക്ക് കൂടുന്നു. ഇന്നത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 52000 കടന്നു, മുൻ വർഷങ്ങളെക്കാൾ കൂടുതലാണ്.
മാസ പൂജയുടെ സമയങ്ങളില്‍ പടിപൂജക്കും ഉദയാസ്തമന പൂജക്കുമായി രണ്ടേകാല്‍ മണിക്കൂറുകളോളം സമയമെടുക്കും. ഈ സമയങ്ങളിൽ ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്താന്‍ ചെറിയ കാലതാമസം ഉണ്ടാവുന്ന സാഹചര്യം സംജാതമാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇന്ന് മൂന്നു മണി വരെ മാത്രം 30000 ഭക്തര്‍ ശബരിമല ദര്‍ശനം നടത്തി. 16 ന് നട തുറന്ന ശേഷം ഇതുവരെ 122001 ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങി. ഇത് കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരെക്കാള്‍ കൂടുതലാണ്. രാവിലെ 7.30 മുതൽ 7.50 വരെയുള്ള ഉഷ:പൂജക്കു ശേഷം 8.45 വരെ ഉദയാസ്തമന പൂജക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചുതുറക്കും. ഇതിനാൽ അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് ചെറിയ കാലതാമസമുണ്ടാകും.
വൈകുന്നേരം നാല് മണിക്ക് നട തുറന്നാൽ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാൻ കഴിയുകയുള്ളു.