കോട്ടയം : സഭയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട കർമ്മധീരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു.
പ്രാർത്ഥനാനിർഭരമായ ജീവിതവും, അശരണരോടുള്ള കരുതലും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു. പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.
ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ. ഗീവർഗീസ് മാർ ബർന്നബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. വിവിധ ഭദ്രാസന മെത്രാപ്പോലീത്താമാരും, വൈദീകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.






