കോട്ടയം : സ്‌കൂള്‍ സമയമാറ്റ പ്രശ്‌നത്തില്‍ മന്ത്രി ശിവന്‍കുട്ടി കിടന്നു ഉരുളുകയാണെന്ന് ബിജെപി നേതാവ് എന്‍. ഹരി കുറ്റപ്പെടുത്തി. മതസംഘടനകളുടെ താളത്തിന് ഒപ്പം തുള്ളുന്ന പാവയായി കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി അധ:പതിച്ചു.
സ്‌കൂള്‍ സമയമാറ്റം അധ്യയന ചട്ടത്തിന്റെ ഭാഗമാണെന്നും അത് പുനഃ പരിശോധിക്കില്ലെന്നും ആദ്യം നിലപാടെടുത്ത മന്ത്രി പിന്നീട് അതില്‍ നിന്നും പിന്നോക്കം പോകുന്നതാണ് കാണുന്നത്. പാദപൂജ നടത്തുന്നത് ദുരാചാരം ആണെന്നും ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞ മന്ത്രി മതനേതാക്കളെ കാണുമ്പോള്‍ വിരളുകയാണ്.
സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായാണ് സമയ മാറ്റം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ആലോചിച്ചത്. വിദ്യാഭ്യാസ രംഗത്ത് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഇത്തരത്തിലുളള ക്രമീകരണം കൊണ്ടുവരുന്നത്. കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വ്യക്തമായി മനസിലാക്കുന്നതിനായാണ് അധ്യയന സമയത്തില്‍ മാറ്റം വരുത്തിയത്.
പക്ഷേ അത്തരത്തിലൊരു തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഒരു മത സംഘടന പരസ്യ എതിര്‍പ്പുമായി രംഗത്തു വന്നു. ഇതോടെ ശിവന്‍കുട്ടിയുടെ സ്വരം മൃദുവായി. വിയോജിപ്പു രേഖപ്പെടുത്തിയ സംഘടനയുമായി ചര്‍ച്ചയാകാമെന്നായി ആദ്യ പ്രതികരണം. ഇതിനിടെ പഠന സമയം വര്‍ധിപ്പിച്ചത് ഹൈസ്‌കൂള്‍ ക്ലാസിലേക്ക് മാത്രം ചരുക്കി. വെള്ളിയാഴ്ച്ച പൂര്‍ണമായി ഒഴിവാക്കി. എന്നിട്ടും മതസംഘടന നിലപാട് കടുപ്പിച്ചതോടെ ശിവന്‍കുട്ടി എന്തു വിട്ടുവീഴ്ച്ചയ്ക്കും തയാറായി ഇരിക്കുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്‌കൂള്‍ സമയ മാറ്റം ഫലപ്രദമായി നടപ്പാക്കികഴിഞ്ഞു. എന്നാല്‍ മതേതരത്വം വാതോരാതെ പ്രസംഗിക്കുന്ന കേരളത്തില്‍ ഇപ്പോഴും നടപ്പാക്കിയിട്ടില്ല.എന്‍. ഹരി പറഞ്ഞു.