ശബരിമല: കാര്യവിജയത്തിന് ഉത്തമമായ ഭഗവതി സേവയാണ് മാളികപ്പുറത്തെ പ്രധാന വഴിപാടെന്ന് മേൽശാന്തി മനു നമ്പൂതിരി. ക്ഷേത്രത്തിലെ പൂജാവിധികളെക്കുറിച്ചും പ്രധാന വഴിപാടുകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ദുർഗ്ഗാദേവിക്ക് സമർപ്പിക്കുന്ന ഈ പൂജ, ദിവസവും ദീപാരാധനയ്ക്ക് ശേഷം ഭഗവതീമണ്ഡപത്തിൽ വെച്ചാണ് നടക്കുന്നത്.
ഉഷ പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ മൂന്ന് നേരത്തെ പൂജകളാണ് ക്ഷേത്രത്തിൽ പ്രധാനമായും ഉള്ളത്. ഭഗവതി സേവയെക്കൂടാതെ മഞ്ഞൾപ്പറ, പട്ട് സമർപ്പണം എന്നിവയാണ് മാളികപ്പുറത്തമ്മയുടെ മറ്റ് പ്രധാന വഴിപാടുകൾ.
ശ്രീധർമ്മ ശാസ്താവിൻ്റെ സേനാനായകനായ കൊച്ചുകടുത്തസ്വാമി, നവഗ്രഹങ്ങൾ, മലദൈവങ്ങൾ, നാഗങ്ങൾ, ഗണപതി ഭഗവാൻ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രസന്നിധിയിലുണ്ട്. ഇവർക്കും പ്രത്യേകം പൂജകൾ സമർപ്പിക്കുന്നുണ്ട്.
ശബരിമലയുടെയും മാളികപ്പുറത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഭക്തൻ്റെയും കടമയാണെന്ന് മേൽശാന്തി ഓർമ്മിപ്പിച്ചു. ക്ഷേത്രപരിസരം ശുചിത്വത്തോടെ സംരക്ഷിക്കാൻ ഭക്തർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.






