പത്തനംതിട്ട: സർക്കാർ ആശുപത്രികളിൽ സുരക്ഷാ ജീവനക്കാരുടെ കുറവ് രൂക്ഷമാകുമ്പോഴും, സെക്യൂരിറ്റി ജോലിക്കായി നിയോഗിക്കപ്പെടുന്ന വിമുക്തഭടന്മാരിൽ പലരും ജോലിയിൽ പ്രവേശിക്കാൻ തയ്യാറാകുന്നില്ലെന്നാണ് വിവരം. നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ ഹാജരാകാത്തവരും, ജോലി ആരംഭിച്ച ശേഷം കൂടുതൽ സ്ഥിരതയും മെച്ചപ്പെട്ട സേവന വ്യവസ്ഥകളും ലഭിക്കുന്ന മറ്റ് മേഖലകളിലേക്ക് മാറുന്നവരുമാണ് സാഹചര്യം സങ്കീർണമാക്കുന്നത്.
ജില്ലയിൽ ഈ സ്ഥിതി വർധിച്ചുവരികയാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം സുരക്ഷാ ജീവനക്കാരുടെ 25 ഒഴിവുകൾ നിലവിലുണ്ടെന്നാണ് വിവരം. ഒഴിവുകൾ നികത്തുന്നതിനായി പലതവണ അഭിമുഖം നടത്തിയിട്ടും ആവശ്യത്തിന് വിമുക്തഭടന്മാരെ ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
സർക്കാർ സ്ഥാപനങ്ങളിലും അർധസർക്കാർ സ്ഥാപനങ്ങളിലും കരാർ അടിസ്ഥാനത്തിൽ സുരക്ഷാ സേവനത്തിന് കേരള സ്റ്റേറ്റ് എക്സ്-സർവീസ്മെൻ ഡെവലപ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ (കെക്സ്കോൺ) മുഖേന വിമുക്തഭടന്മാരുടെ സേവനം ഉപയോഗിക്കണമെന്നാണ് സർക്കാർ നയം. സൈനിക സേവനം പൂർത്തിയാക്കിയവരുടെ പുനരധിവാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം സർക്കാർ നടപ്പാക്കുന്നത്.
എന്നാൽ ആശുപത്രി അധികൃതർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെട്ട് പട്ടിക ശേഖരിക്കുകയും അഭിമുഖം നടത്തി നിയമന ഉത്തരവ് നൽകുകയും ചെയ്ത ശേഷവും ചിലർ ജോലിയിൽ പ്രവേശിക്കുന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്. സുരക്ഷാ ജോലിയിൽ പ്രവേശിച്ചവർ പോലും പിന്നീട് ബാങ്കുകൾ, റെയിൽവേ അനുബന്ധ സ്ഥാപനങ്ങൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ, ഹോംഗാർഡ് തുടങ്ങിയ മേഖലകളിൽ കൂടുതൽ സ്ഥിരതയുള്ളതോ മെച്ചപ്പെട്ട സേവന വ്യവസ്ഥകളുള്ളതോ ആയ അവസരങ്ങൾ ലഭിക്കുമ്പോൾ ആശുപത്രിയിലെ ജോലി ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്.
ഇതോടെ ഒരുവശത്ത് വിമുക്തഭടന്മാർക്ക് തൊഴിൽ നൽകണമെന്ന സർക്കാർ നയം, മറുവശത്ത് ആവശ്യത്തിന് വിമുക്തഭടന്മാരെ ലഭിക്കാത്ത സാഹചര്യം—ഇരുവിധ സമ്മർദത്തിനിടയിലാണ് ആശുപത്രി അധികൃതർ. പ്രത്യേകിച്ച് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനമായ സർക്കാർ ആശുപത്രികളിൽ സുരക്ഷാ ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നു. രാത്രികാലങ്ങളിൽ ആശുപത്രികളിൽ ആവശ്യമായ സുരക്ഷാ ജീവനക്കാരുടെ അഭാവം പ്രവർത്തനങ്ങളെ പോലും ബാധിക്കുന്ന സാഹചര്യമാണ്.





