വർക്കല: ശ്രീനാരായണ ഗുരുവിൻ്റെ 170-മത് ജയന്തി ആർഭാടരഹിതമായി ആഘോഷിക്കാൻ ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് തീരുമാനിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടികൾ ഒഴിവാക്കി ആത്മീയ പരിപാടികളോടെ ജയന്തി ആഘോഷിക്കുന്നത്.
ജയന്തി ദിവസമായ 20 ന് രാവിലെ 6 മുതൽ തിരുഅവതാര മുഹൂർത്ത പൂജ, നാമജപം, പ്രസാദ വിതരണം, പ്രഭാഷണം, അന്നദാനം, ജയന്തി സമ്മേളനം എന്നിവ നടക്കും. കലാപരിപാടികൾ ഒഴിവാക്കി ഗുരുജയന്തി ഘോഷയാത്ര ആർഭാടരഹിതമായി നാമസങ്കീർത്തന ശാന്തിയാത്രയായി എല്ലാവരും സംഘടിപ്പിക്കണം.
വയനാട്ടിൽ മരിച്ചവരുടെ ആത്മശാന്തിക്കായി ഗുരുദേവ പ്രസ്ഥാനങ്ങളിലും വീഥികളിലും സന്ധ്യാനേരത്ത് ശാന്തി ദീപം തെളിയിക്കാം. ചിങ്ങം ഒന്നു മുതൽ കന്നി ഒമ്പത് വരെ ശ്രീ നാരായണ മാസാചരണവും ധർമചര്യ യജ്ഞവും ജയന്തിക്ക് ഒരാഴ്ച മുമ്പായി ശ്രീ നാരായണ ഗുരു ജയന്തി വാരാഘോഷവും സംഘടിപ്പിക്കണമെന്നും ശിവഗിരി മഠം അറിയിച്ചു.