ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്ര ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ച സംഭവത്തില്‍ ക്ഷേത്രം ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്. നരഹത്യ കുറ്റം ചുമത്തിയാണ് 94 കാരനായ ഹരി മുകുന്ദ പാണ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മതിയായ അനുമതികള്‍ ഇല്ലാതെയാണ് ക്ഷേത്രം നിര്‍മിച്ചത് എന്നും ഉത്സവം സംഘടിപ്പിച്ചതിന് പൊലീസ് അനുമതി ഉണ്ടായിരുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി. ക്ഷേത്ര പരിസരത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലും ഏഴിരട്ടി ജനങ്ങളാണ് കാശിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ എത്തിയതെന്നും ജില്ലാ പോലീസ് മേധാവി കെ വി മഹേശ്വര റെഡ്ഡി പറഞ്ഞു.
ക്ഷേത്ര ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യത്തെ കാര്‍ത്തിക ഏകാദശിയായിരുന്നു ശനിയാഴ്ച. ഉത്സവം സംഘടിപ്പിക്കുന്നതില്‍ മുന്‍കൂര്‍ അനുമതിയോ മതിയായ സുരക്ഷയോ ഉണ്ടായിരുന്നില്ല. ഉത്സവത്തെക്കുറിച്ചും സാധ്യതയുള്ള ജനക്കൂട്ടത്തെക്കുറിച്ചും പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കുന്നതില്‍ ക്ഷേത്ര അധികൃതര്‍ പരാജയപ്പെട്ടുവെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കുറ്റകരമായ നരഹത്യ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. നാല് ക്ഷേത്ര ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






