തിരുവനന്തപുരം : സ്വകാര്യ ട്യൂഷൻ സെൻ്ററുകളും മത്സര പരീക്ഷ കേന്ദ്രങ്ങളും നടത്തുകയും ക്ലാസ് എടുക്കുകയും ചെയ്യുന്ന സർക്കാർ, എയ്‌ഡഡ് സ്കൂൾ അധ്യാപകർക്കുമെതിരെ നടപടിക്ക് ഒരുങ്ങുന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സർക്കാർ ജീവനക്കാർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിർദേശം.
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമ പ്രകാരം അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിരോധിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നതും, ഇതുമായി ബന്ധപ്പെട്ട് പുസ്‌തകങ്ങൾ, ഗൈഡുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതും ഗുരുതര അച്ചടക്ക ലംഘനമാണെന്ന് സർക്കുലറിൽ പറയുന്നു.
സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപകർ സ്വകാര്യ ട്യൂട്ടോറിയൽ സ്ഥാപനങ്ങളിൽ ക്ലാസുകൾ എടുക്കുന്നത് പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യയനം, ഗൈഡുകളുടെ പ്രസിദ്ധീകരണം തുടങ്ങിയവയ്ക്ക് പ്രത്യക്ഷമായും, പരോക്ഷമായും കൂട്ടു നിൽക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.