ആലപ്പുഴ: കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം നല്ലമാതൃകയാണെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ‘ഈഡിസിനും ഓണപരീക്ഷ’ കാമ്പയിൻ പ്രഖ്യാപനവും പുന്നപ്ര കേപ്പ് കോളേജിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും കൊതുക് നിർമ്മാർജ്ജനത്തിന്റെ സന്ദേശമെത്തിക്കാൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു.
പരിപാടിയിൽ കൊതുക് നിർമ്മാർജ്ജന സാമഗ്രികളുടെ പ്രദർശനം, വിദ്യാർഥികൾക്കായി തത്സമയ പ്രശ്നോത്തരി എന്നിവയും നടത്തി. ‘ഈഡിസിനും ഓണപ്പരീക്ഷ’ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 12,500 യുപി സ്കൂൾ വിദ്യാർഥികൾ ഓണാവധിക്കാലത്ത് മുൻകൂട്ടി തയ്യാറാക്കി നൽകിയ ചോദ്യപേപ്പർ മാതൃകയിലുള്ള ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
ചടങ്ങിൽ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സജീവൻ അധ്യക്ഷയായി.






