അയോദ്ധ്യ :രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല.ഉച്ചയ്ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റീമീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്.പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂർവ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്.
സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ മുകൾനിലയിലുള്ള കണ്ണാടിയിൽ പതിച്ചു. ശേഷം മൂന്ന് ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്കും അവിടെനിന്ന് രാം ലല്ലയുടെ നെറ്റിയിൽ പതിക്കുകയുമായിരുന്നു.
സൂര്യതിലകം അണിഞ്ഞ രാമവിഗ്രഹത്തെ ടാബ്‌ലെറ്റിൽ കണ്ടു തൊഴുത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും വളരെ വികാരനിർഭരമായ നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.