പന്തളം : സ്കൂട്ടർ സൈക്കിൾ എന്നിവ മോഷ്ടിച്ച് വന്ന പ്രതിയെ പന്തളം പോലീസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിടികൂടി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് പുറക് വശം അങ്ങാടിക്കൽ തെക്ക് ലക്ഷം വീട് കോളനിയിൽ കൈലാത്ത്, സുബിൻ ജേക്കബ്( സുഗുണൻ-28) ആണ് പോലീസിന്റെ വലയിലായത്. ഓഗസ്റ്റ് മൂന്നിന് കടക്കാട് സ്വദേശി തൻവീർ നൗഷാദിന്റെ സുസുക്കി സ്വിഷ് ഇനത്തിൽപ്പെട്ട സ്കൂട്ടർ മോഷണം പോയിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 50 ൽഅധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മറ്റ് അന്വേഷണങ്ങൾ നടത്തുകയും ചെയ്തു.
മോഷണം നടന്ന അഞ്ചാം ദിവസം തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പലയിടത്തും മോഷ്ടാവിന് വേണ്ടി വലവിരിച്ച് അന്വേഷണസംഘം കാത്തിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയിൽ നിന്ന് സൈക്കിൾ മോഷ്ടിച്ചുകടന്ന സുബിനെ പന്തളം പോലീസ് പിന്തുടർന്നുവെങ്കിലും, പോലീസ് നീക്കം മനസ്സിലാക്കിയ ഇയാൾ സൈക്കിൾ ഉപേക്ഷിച്ചു കടന്നിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അന്ന് മോഷ്ടാവ് രക്ഷപ്പെട്ടത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നീങ്ങിയ പോലീസ് ഇന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച സ്കൂട്ടർ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
കോയിപ്രം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്ടീവ സ്കൂട്ടർ മോഷണക്കേസിലെ പ്രതിയായ സുബിൻ 8 മാസം ജയിലിൽ കഴിഞ്ഞിരുന്നു. ചെങ്ങന്നൂർ, മാന്നാർ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സൈക്കിൾ മോഷണത്തിന് കേസുണ്ട്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് നേതൃത്വം നൽകി. എസ് ഐ മാരായ അനീഷ് എബ്രഹാം, സന്തോഷ് കുമാർ, സി പി ഓ മാരായ അൻവർഷ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് സാഹസികമായി മോഷ്ടാവിനെ പിടികൂടിയത്.