തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 10 ന് വിപുലമായ രീതിയിൽ ആചരിക്കും. പുലർച്ചെ 2.30 മുതൽ 4.00 മണി വരെ നിർമാല്യദർശനം, അഭിഷേകം, ദീപാരാധന, തുടർന്ന് 4.30 മുതൽ 6.00 മണി വരെയും, 9.30 മുതൽ 12.30 മണി വരെയും, വൈകിട്ട് 3.15 മുതൽ 6.15 മണി വരെയും, രാത്രി ശീവേലിക്ക് ശേഷവും ഭക്തജനങ്ങൾക്ക് ദർശനസൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്വർഗ്ഗവാതിൽ ഏകാദശിയോടനുബന്ധിച്ച് രാത്രി 8.30 മണിയോടുകൂടി സിംഹാസന വാഹനത്തിൽ പൊന്നും ശീവേലി ഉണ്ടായിരിക്കും. അന്നേ ദിവസം സ്പെഷ്യൽ സേവാ ടിക്കറ്റ് വഴിയുളള ദർശനം ഉണ്ടായിരിക്കുന്നതല്ല.
സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതെ ദർശനം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി പ്രത്യേകം ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കിഴക്ക് ഭാഗത്ത് നിന്നും, വടക്ക് ഭാഗത്ത് നിന്നും വരുന്ന ഭക്തജനങ്ങൾ
ക്ഷേത്രത്തിന്റെ പുറത്ത് വടക്ക് വശത്ത് ബാരിക്കേട് സംവിധാനത്തിലൂടെ
ക്യൂവായി പടിഞ്ഞാറേനട വഴി അകത്ത് പ്രവേശിച്ച തെക്ക് ഭാഗത്ത് ശ്രീകാര്യമാരുടെ ഓഫീസിന് മുന്നിലൂടെ ദർശനത്തിന് പ്രവേശിക്കേണ്ടതാണ്.
തെക്ക് ഭാഗത്ത് നിന്നും, പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറേനടയിൽ നിന്നാരംഭിക്കുന്ന ബാരിക്കേടിലൂടെ വാഴിതെക്കേനട വഴി അകത്ത് പ്രവേശിച്ച് കുലശേഖര മണ്ഡപത്തിൽ ചുറ്റിപോകുന്ന പ്രധാന ക്യൂവിലൂടെ ക്ഷേത്രത്തിനകത്തെ കിഴക്കേനട വഴി ദർശനത്തിന് പ്രവേശിക്കേണ്ടതാണ്.
ഭക്തജനങ്ങളുടെ സേവനാർത്ഥം എസ്.പി. ഫോർട്ട് ഹോസ്പിററലിന്റെ നേതൃത്വത്തിൽ മെഡിക്കൽ സെന്റർ വടക്കേനടയിൽ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കും.