കോട്ടയം : ദൈവം നൽകിയ കഴിവുകളെ സമൂഹ നൻമയ്ക്കായി വിനിയോഗിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് അത് സ്ഫുടം ചെയ്ത് ജീവിതം മൂല്യവത്താക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നടത്തിയ മാർത്തോമൻ പൈതൃക സംഗമത്തിന്റെ ഭാഗമായി അവബോധന സമതി അഖില മലങ്കര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച കലാ സാഹിത്യ വൈജ്ഞാനിക മത്സരങ്ങളുടെ പുരസ്കാര ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈദീക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , ജനറൽ കൺവീനർ മത്തായി ടി. വർഗീസ്, ഡോ. മനു ഉമ്മൻ, ജേക്കബ് കൊച്ചേരി , സി. ഇ ഗീവർഗീസ്, ജോ ഇലഞ്ഞി മൂട്ടിൽ, ഡെറിൻ രാജു എന്നിവർ പ്രസംഗിച്ചു.
വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് ബാവാ സമ്മാനം വിതരണം ചെയ്തു. കോട്ടയം ഭദ്രാസന സണ്ടേസ്കൂൾ മഹാ സംഗമത്തിൻ്റെ ലോഗോ പ്രകാശനം കാതോലിക്കാ ബാവാ ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് നൽകി നിർവ്വഹിച്ചു.