തിരുവനന്തപുരം: തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തയ്യാറായതിന്റെ പിന്നിൽ രാഷ്ട്രീയ ഭീഷണിയെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അനിൽ വിളയിൽ. ഹൈക്കോടതിയിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം ശബരിമലയിലെ മോഷണത്തിൽ പ്രതൃക്ഷ പങ്കാളിത്തം ആരോപിച്ചിട്ടില്ലാത്ത വ്യക്തിയാണ് തന്ത്രി.
എന്നാൽ വളരെ പെട്ടെന്ന് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തീരുമാനമെടുത്തതിന് പിന്നിൽ സർക്കാരിന്റെ താല്പര്യമാണെന്ന് വ്യക്തം.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശബരിമല മോഷണ കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമായ നടപടിയാണ്. സുപ്രീം കോടതി പോലും കുറ്റവാളിയാണ് എന്ന് സൂചിപ്പിച്ച മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെയൊ കഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിനെയോ അറസ്റ്റ് ചെയ്യുന്നതിന് യാതൊരു താൽപര്യവും കാണിക്കാത്ത എസ് ഐ ടി ഇപ്പോൾ എടുത്ത നടപടി പൊതുസമൂഹത്തിന് വിശ്വസിക്കാൻ സാധിക്കാത്ത ഒന്നാണ്.
കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം അത് തന്ത്രി ആയാലും എന്ന് തന്നെയാണ് വിശ്വ ഹിന്ദു പരിഷത്ത് ആഗ്രഹിക്കുന്നത്. നിയമം അതിൻ്റെ വഴിക്ക് കൂടി പോകണം. എന്നാൽ തന്ത്രിയുടെ അറസ്റ്റോടു കൂടി അന്വേഷണം അവസാനിപ്പിച്ച് തിരക്കുപിടിച്ച് കുറ്റപത്രം സമർപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കി കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്.
ഹൈക്കോടതി പോലും ശബരിമല മോഷണത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ സൂചിപ്പിക്കുകയുണ്ടായി. ഇവരിലേക്ക് അന്വേഷണം എത്തരുത് എന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. സി ബി ഐ പോലെയുള്ള ഏജൻസി ഈ കേസിന്റെ അന്വേഷണം ഉടൻ തന്നെ ഏറ്റെടുത്തില്ല എങ്കിൽ നിലവിലെ കേസ് അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുടെ വാതിൽ അടയ്ക്കും.
പ്രമുഖ നേതാക്കൻമാരുമായി ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ള അടുപ്പം അന്വേഷിക്കാൻ നാളിതുവരെ എസ് ഐ ടി തയ്യാറാകാതിരിക്കുന്നത് ദുരൂഹമാണ് എന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.






