പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി ക്ഷേത്ര ഉപദേശകസമിതി. വള്ളസദ്യ ദിവസം ദീപം തെളിയിച്ച് മന്ത്രിയടക്കമുള്ള വിശിഷ്ട അതിഥികൾക്ക് സദ്യവിളമ്പുന്നത് രാവിലെ 10.45നാണ്. ഈ സമയത്ത് തന്ത്രിയുടെ നേതൃത്വത്തിൽ കളഭ അഭിഷേകത്തിനുള്ള കലശം പൂജ നടക്കുകയായിരുന്നു. കളഭ അഭിഷേകത്തിനുശേഷം മാത്രമാണ് ഉച്ചപൂജക്കുള്ള നിവേദ്യം എഴുന്നള്ളിക്കുന്നത്. ഇതിനുശേഷമേ സദ്യ പാടൂള്ളൂ എന്നിരിക്കെ, ഇത് പാലിക്കാതെയാണ് പള്ളിയോട സേവാ സംഘം ഭാരവാഹികൾ സദ്യ വിളമ്പിയതെന്ന് ആറന്മുള ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൂജ കഴിഞ്ഞില്ലെന്ന വിവരം പള്ളിയോട സേവാസംഘത്തെ അറിയിച്ചിരുന്നു.
പിറ്റേന്ന് ഇത് വലിയ ചർച്ചയായതോടെ ക്ഷേത്ര ഉപദേശകസമിതി യോഗം ചേരുകയും ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായം തേടി കത്ത് നൽകുകയുമായിരുന്നു.
പിന്നീട് ദേവസ്വംബോർഡിനും പരാതി നൽകി. ഇതിന്‍റെ തുടർച്ചയായി ദേവസ്വം ബോർഡ് തന്നെ തന്ത്രിക്ക് കത്ത് നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയാണ് തന്ത്രി പരിഹാരക്രിയകൾ നിർദേശിച്ചത്. ഇവ പള്ളിയോട സേവാ സംഘത്തിന്‍റെ ചെലവിൽ വൃശ്ചികം ഒന്നിന് മുമ്പ് തന്നെ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവനും മറ്റ് വിശിഷ്ട അതിഥികൾക്കും വീഴ്ചയുണ്ടെന്ന് കരുതുന്നില്ല. ക്ഷേത്ര ചടങ്ങുകളെക്കുറിച്ച് കൃത്യമായ ധാരണ അവർക്കുണ്ടാകണമെന്നില്ല. പിഴവ് സംഭവിച്ചത് പള്ളിയോട സേവാ സംഘത്തിനാണെന്നും ഇവർ പറഞ്ഞു. ആറന്മുള ക്ഷേത്രോപദേശകസമിതി പ്രസിഡന്‍റ് വിജയൻ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരിൽ, ശ്രീജിത്ത് വടക്കേടത്ത്, രാജശേഖരൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.