കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് മുന്നിൽ നടന്നത് ഒരു വിഭാഗം സമരക്കാരുടെ ആസൂത്രിത അക്രമണമെന്ന് പോലീസ് .സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസെടുത്തു .അറവുമാലിന്യ കേന്ദ്രത്തിനുള്ളിൽ ജീവനക്കാർ ഉള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടതെന്നും മാരക ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്ഐആറിലുണ്ട്. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരമാണ് ഇന്നലെ സംഘർഷത്തിൽ കലാശിച്ചത് . സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സമര സമിതി ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു.