കോട്ടയം: മലങ്കരസഭാധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 50ാം ഓർമ്മപ്പെരുന്നാളിന് നാളെ (8) സമാപനം. കബറിടം സ്ഥിതി ചെയ്യുന്ന ദേവലോകം അരമനയിൽ രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം. 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം,നേർച്ചവിളമ്പ്.
അങ്കമാലി, കണ്ടനാട് ഭദ്രാസനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർക്ക് സഭാ ആസ്ഥാനത്ത് സ്വീകരണം നൽകി. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലെത്തിയ തീർത്ഥാടകരെ അരമന മാനേജർ ഫാ.യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
6 മണിക്ക് നടന്ന സന്ധ്യാനമസ്ക്കാരത്തിനും, ധൂപപ്രാർത്ഥനയ്ക്കും, ശ്ലൈഹിക വാഴ്വിനും പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നൽകി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയേസ്, ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് എന്നീ മെത്രാപ്പോലീത്താമാർ സംബന്ധിച്ചു.
കോട്ടയം വൈദിക സെമിനാരി പ്രൊഫ. ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് അനുസ്മരണ സന്ദേശം നൽകി. സഭാ സ്ഥാനികൾ, വർക്കിംഗ് കമ്മിറ്റി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.






