ആറന്മുള: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിൽ നിന്ന് ഇന്ന് രാവിലെ 7ന്പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം25ന് വൈകിട്ട് സന്നിധാനത്തെത്തും.
തങ്ക അങ്കി ദർശിക്കാനും ഘോഷയാത്ര പുറപ്പെടുന്നത് കണ്ട് നിർവൃതി അടയാനും നൂറു കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ എത്തിയത്.
പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് തങ്കഅങ്കി പുറപ്പെടുന്നതിനു മുൻപ് ക്ഷേത്രത്തിൻ്റെ ആനക്കൊട്ടിലിൽ ഭക്തജനങ്ങൾക്ക് തങ്കഅങ്കി ദർശിക്കുന്നതിനും പറയിട്ട് കാണിക്ക അർപ്പിക്കുന്നതിനും പുലർച്ചെ അഞ്ചു മുതൽ സൗകര്യമൊരുക്കിയിരുന്നു. ക്ഷേത്രങ്ങൾ ഉൾപ്പെടെ എഴുപത്തിഅഞ്ചോളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് രഥ ഘോഷയാത്ര സന്നിധാനത്തു എത്തിച്ചേരുക.
420 പവൻ തൂക്കം വരുന്ന തങ്ക അങ്കി തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ 1973ൽ അയ്യപ്പന് നടയ്ക്കു വെച്ചതാണ്. പൊലീസിന്റെ ശക്തമായ സുരക്ഷയിൽ രഥഘോഷയാത്രയെ അഗ്നിശമന സേനയിലെ ഉൾപ്പെടെ ഉദ്യോഗസ്ഥരും അയ്യപ്പഭക്തരും അനുഗമിക്കും. 25ന് വൈകിട്ട് സന്നിധാനത്ത് തങ്കഅങ്കിചാർത്തി ദീപാരാധന നടക്കും. 26ന് നാണ് മണ്ഡലപൂജനടക്കുക.
ഘോഷയാത്ര പുറപ്പെട്ട ആദ്യ ദിവസമായ ഇന്ന് രഥഘോഷയാത്ര ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ രാത്രി വിശ്രമിക്കും. നാളെ (തിങ്കൾ) കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 24 ന് പെരുനാട് ശാസ്താ ക്ഷേത്രത്തിലും രാത്രി വിശ്രമിച്ച ശേഷം 25 ന് ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും.