കോന്നി : കോന്നി മെഡിക്കൽ കോളജിലെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് കെ.യു. ജനീഷ് കുമാർ എം എൽഎ അറിയിച്ചു. മെഡിക്കൽ കോളജ് ഹാളിൽ ഇന്നു ചേർന്ന എച്ച്ഡിസി യോഗത്തിലാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കൃത്യമായ സമയക്രമം പാലിച്ച് പ്രവൃത്തികൾ പൂർത്തിയാക്കാൻ നിർമാണ കമ്പനി പ്രതിനിധികൾക്ക് യോഗം നിർദേശം നൽകി. സർക്കാരിന് കിഫ്ബി അനുവദിച്ച 350 കോടി രൂപ ചെലവിലാണ് ഇപ്പോൾ രണ്ടാം ഘട്ട ജോലികൾ നടക്കുന്നത്.
200 കിടക്കകളുള്ള ബ്ലോക്ക്, ഓപ്പറേഷൻ തിയറ്റർ, മോർച്ചറി, ഓഡിറ്റോറിയം, പ്രിൻസിപ്പൽ, ഡോക്ടർമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർക്കുള്ള ക്വാർട്ടേഴ്സുകൾ എന്നിവയുടെ നിർമാണ പുരോഗതി യോഗം വിലയിരുത്തി.
ഏഴ് നിലകളിലായുള്ള പുതിയ കെട്ടിടത്തിന്റെ 6 നിലകളിലെ നിർമാണം പൂർത്തിയായി. ഫ്ലാറ്റ് സമുച്ചയങ്ങളിലെ അപ്പാർട്ട്മെന്റുകൾ പ്രത്യേകം വൈദ്യുതീകരിക്കുന്നതിന് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് കെ എസ് ഇബി അസി. എൻജിനീയറെ യോഗം ചുമതലപ്പെടുത്തി. മോർച്ചറിയുടെ നിർമാണം അടുത്ത മാസം പൂർത്തിയാകും. മെഡിക്കൽ കോളജ് വികസനത്തിന് തടസമായി നിൽക്കുന്ന പാറ നീക്കം ചെയ്യുന്നതിന് ഉന്നതതല യോഗം ചേരും. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് 15 ദിവസത്തിലൊരിക്കൽ അവലോകന യോഗം ചേരാനും തീരുമാനിച്ചു.