തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു കെഎസ്ആർടിസിക്കായി രാജ്യത്തെ ഏറ്റവും നിലവാരമുള്ള ബസുകൾ എത്തുമെന്നത്. ആദ്യ ബാച്ചിൽ എത്തിയ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ഡിസൈൻ സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായതെങ്കിൽ ഇനി വരാനുള്ള ബസുകൾ ആനവണ്ടി പ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്നതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആർടിസി ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ചിത്രം അനുസരിച്ച് കേരളത്തിലെ ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന സ്റ്റൈലിലാണ് പുതിയ ബസുകൾ ഒരുങ്ങുന്നത്. ബെംഗളൂരുവിലെ ബസ് ബോഡി നിർമാതാക്കളായ പ്രകാശിൽ ഒരുങ്ങുന്ന ബസ് എന്ന തലക്കെട്ടോടെയാണ് ബസുകളുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കെഎസ്ആർടിസി അധികൃതർ നൽകിയിട്ടില്ല.
കെഎസ്ആർടിസി ഹൈബ്രിഡ് ബസുകൾ എന്ന വിശേഷിപ്പിക്കുന്ന സ്ലീപ്പർ കം സീറ്റർ സംവിധാനത്തിലാണ് ഈ ബസുകളുടെ ഉൾവശം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ത്രിവർണ പതാകയുടെ നിറങ്ങളാണ് ബസിന്റെ ബോഡിയിൽ നൽകിയിരിക്കുന്നത്.
ആശോക് ലെയ്ലാൻഡിന്റെ 13.5 മീറ്റർ ഷാസിയിലാണ് ഈ ബസ് നിർമിക്കുന്നതെന്നാണ് അറിവ്‍ . ബസിന്റെ മുന്നിലും പിന്നിലും വശങ്ങളിലും കെഎസ്ആർടിസി ബാഡ്ജിങ് നൽകിയിട്ടുണ്ട്. പിൻഭാഗത്ത് കഥക്കളിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കാണാം. ഓണത്തിന് മുന്നോടിയായി നിരത്തിൽ ഇറങ്ങുമെന്നാണ് വിവരം.