കോട്ടയം : വാർത്തകളുടെ ലോകത്ത് ഇപ്പോഴും പത്രങ്ങളുടെ വിശ്വാസ്യത വളരെ വലുതാണെന്ന് സ്പീക്കർ എ എൻ ഷംസീർ. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് ഉണ്ടായ അച്ചടി അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റം പത്രസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. പത്രവിതരണം അടക്കമുള്ള ജോലികൾക്ക് പ്രയാസങ്ങളുണ്ട്. പത്ര വ്യവസായ രംഗത്തെ വെല്ലുവിളികൾ പരിഹരിക്കുന്നതിന് ആവശ്യമായ ചർച്ചകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് വി.എസ്. ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ്, സ്വാഗതസംഘം ചെയർമാൻ ടി.ആർ. രഘുനാഥൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി. റെജി, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, എൻ.ജെ.പി.യു സംസ്ഥാന പ്രസിഡൻ്റ് കെ.എൻ ലതാനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
പത്രമാധ്യമ രംഗത്ത് ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്നും തൊഴിൽ കോഡ് പിൻവലിക്കണമെന്നും പെൻഷൻ പദ്ധതികളിലെ അപാകതകൾ പരിഹരിക്കണമെന്നും മാധ്യമ ജീവനക്കാർക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെ പരിഹാരമുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.