ആലപ്പുഴ: തിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് ആലപ്പുഴ ജില്ലയില്‍ 13 ന് തുടങ്ങും. സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളില്‍ തൈക്കാട്ടുശ്ശേരി, കഞ്ഞിക്കുഴി, പട്ടണക്കാട് എന്നിവിടങ്ങളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 ന് രാവിലെ 10 മണിക്കും
ചെങ്ങന്നൂര്‍, അമ്പലപ്പുഴ, ഭരണിക്കാവ് ബ്ലോക്കുകളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 14 ന് രാവിലെ 10 മണിക്കും ചമ്പക്കുളം, വെളിയനാട്, ഹരിപ്പാട് ബ്ലോക്കുകളിലേത് ഒക്ടോബര്‍ 15 ന് രാവിലെ 10 മണിക്കും മുതുകുളം, ആര്യാട്, മാവേലിക്കര ബ്ലോക്കുകളിലേത് ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്കും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ജില്ലയിലെ കായംകുളം,മാവേലിക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് രാവിലെ 10നു ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ ബ്‌ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 ന് രാവിലെ 10 നും ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10 നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങള്‍, വാര്‍ഡുകള്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറെയും, മുനിസിപ്പല്‍ കൗണ്‍സിലുകളിലേതിന് അതത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരെയും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേതിന് തദ്ദേശസ്വയംഭരണവകുപ്പ് അര്‍ബന്‍ ഡയറക്ടറെയുമാണ് അധികാരപ്പെടുത്തിയിട്ടുള്ളത്.