കൊച്ചി : സംസ്ഥാന സർക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് തരുന്ന റേഷനരി മുഴുവൻ കേന്ദ്ര സർക്കാരിന്റേതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് നടക്കുന്നതെന്നും കേരളത്തെ ഒരിക്കലും അവഗണിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഓണം പ്രമാണിച്ച് സംസ്ഥാനത്തിന് പ്രത്യേക അരിവിഹിതം അനുവദിച്ചില്ലെന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കൊടുക്കുന്ന റേഷനിൽ മുഴുവൻ അരിയും മോദി സർക്കാർ നൽകുന്നതാണ്. പിണറായി വിജയന്റേതായി ഒരു മണിപോലുമില്ല. ഇത് ജനങ്ങളുടെ അവകാശമായതിനാലാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. ഇനിയിപ്പോൾ ഇതൊക്കെ വിളിച്ചുപറയാൻ ബിജെപി പ്രവർത്തകരോട് പറയേണ്ടിവരും.
1,18,754 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കളാണ് ഈ മാസം കേന്ദ്രം സംസ്ഥാനത്തിന് നൽകിയത്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി 69,831 മെട്രിക് ടൺ അരിയും 15,629 മെട്രിക് ടൺ ഗോതമ്പുമാണ്. ടൈഡ് ഓവർ പ്രകാരം 33,294 മെട്രിക് ടൺ അരി അല്ലാതെയും നൽകുന്നുണ്ട്. 42 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് കേന്ദ്രത്തിൽ നിന്ന് സൗജന്യമായി അരി ലഭിക്കുന്നതെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.






