കോട്ടയം: മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ കൊടിയേറി. അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഓഗസ്റ്റ് 14,15 ദിവസങ്ങളിലായി നടക്കുന്ന പ്രധാന ശുശ്രൂഷകൾക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.
വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനൊപ്പം പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ 110 മത് ഓർമ്മയും ഓഗസ്റ്റ് 15ന് ആചരിക്കും. ഓഗസ്റ്റ് 14-ന് വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം, 7 മണിക്ക് പ്രസംഗം – ഡോ.ചെറിയാൻ തോമസ്, 7.30ന് പ്രദക്ഷിണം, 8.30ന് ആശീർവാദം, നേർച്ച. ഓഗസ്റ്റ് 15-ന് രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.
തുടർന്ന് മധ്യസ്ഥപ്രാർത്ഥന, കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, നേർച്ചവിളമ്പ്, കൊടിയിറക്ക്. സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുകയും സഭാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തുകയും ചെയ്യുമെന്ന് അരമന മാനേജർ ഫാ. യാക്കോബ് റമ്പാൻ അറിയിച്ചു.