തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ സമാപിച്ചു. സമാപന പടയണി ചടങ്ങുകൾ ഇന്നലെ രാത്രി ആരംഭിച്ച് ഇന്ന് പുലർച്ചെയോടെയാണ് അവസാനിക്കുന്നത്. ഇന്ന് പുലർച്ചെയോടെ 1001 കമുകിൻ പാളയിൽ തീർത്ത മഹാ ഭൈരവി ക്കോലം കളത്തിലെത്തുന്നത് കാണാൻ ആയിരക്കണക്കിന് ഭക്തരാണ് ഇന്നലെ മുതൽ ക്ഷേത്രത്തിലെത്തിയത്.
രാവിലെ മുതൽ ക്ഷേത്രത്തിൽ നിറപറ സമർപ്പണത്തിന് ഭക്തരുടെ തിരക്കായിരുന്നു. ഭാഗവത പാരായണം, നവകം, ഉച്ചപൂജ ശ്രീഭൂതബലി, സോപാന സംഗീതം തുടങ്ങിയവയ്ക്ക് ശേഷം ദേവിയുടെ കാഴ്ചശ്രീബലി എഴുന്നള്ളത്ത് ആരംഭിച്ചു. പഴയകാവിൽ നിന്നുള്ള കാളകെട്ട് ഘോഷയാത്രയും പടിഞ്ഞാറ്റോതറ വെളിയംപള്ളിൽ കളരിയിൽ നിന്നും കല്ലിശ്ശേരി വൈശ്യത്തിൽ കുടുംബത്തിൽ നിന്നും ഉള്ള കൊടിയും കുടയും ഘോഷയാത്രകളും വൈകിട്ടോടെ ക്ഷേത്രത്തിലെത്തി. ഓതറ ആദി ദ്രാവിട വാണിയക്കോല സമിതി അവതരിപ്പിക്കുന്ന വാണിയക്കോലം. ചെങ്ങന്നൂർ ശ്രീപാർവതി സംത്സംഗത്തിന്റെ തിരുവാതിരക്കളി എന്നിയും 6.30 ന് പഞ്ചാരിമേളവും നടന്നു.
എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷം വേലകളിയും തുടർന്ന് സേവയും കേളികൊട്ടും അരങ്ങുണർത്തി. രാത്രി വിളക്കിനെഴുന്നള്ളത്തിന് ശേഷം തൻകര വരവ്, ബന്ധുക്കര വരവ് എന്നിവയോടെ പടയണി ചടങ്ങുകൾ ആരംഭിച്ചത്. മംഗലം, ഇടനാട്, മേപ്രം തുടങ്ങിയ കരകളാണ് ബന്ധുക്കരകൾ. ഓതറയാണ് തൻകര.
തുടർന്ന് തപ്പുകൊട്ട്, കാപ്പൊലി, പുലവൃത്തം തുടങ്ങിയ ചടങ്ങുകളോടെ സമാപിച്ചു.