ശബരിമല : ശബരിമലയിലെ പൈങ്കുനി – ഉത്ര ഉത്സവം നാളെ(തിങ്കൾ ) സമാപിക്കും. ഇന്ന് രാത്രി ശ്രീഭൂതബലിക്ക് ശേഷം 10 മണിക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. ദേവന് പള്ളികൊളളാനായി ഇന്ന് കിഴക്കേ മണ്ഡപത്തിൽ പ്രത്യേക സംവിധാനം ഒരുക്കി കഴിഞ്ഞു. തിങ്കൾ രാവിലെ 7.30 ന് ഉഷ:പൂജക്കും ആറാട്ട് ബലിക്കും ശേഷം 9 ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. 11.30 ന് അയ്യപ്പസ്വാമിക്ക് പമ്പയിൽ ആറാട്ട് നടക്കും. വെളിനല്ലൂർ മണികണ്ഠൻ എന്ന ഗജവീരനാണ് ഇക്കുറി തിടമ്പേറ്റുന്നത്.
പമ്പയിൽ എത്തുന്ന ഘോഷയാത്രയെ പമ്പാ ഗണപതി കോവിലിൽ സ്വീകരിച്ച ശേഷം ആറാട്ട് കടവിലേക്ക് എഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞ് ദേവനെ പമ്പാ ഗണപതി കോവിലിൽ എഴുന്നള്ളിച്ചിരുത്തും. ഉച്ച കഴിഞ്ഞ് 3.30 വരെ ഭക്തർക്ക് ഇവിടെ വഴിപാട് സമർപ്പിക്കാം
വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് മടങ്ങി എത്തിയ ശേഷം കൊടിയിറക്കും. തുടർന്ന് രാത്രി 10 ന് നട അടയ്ക്കും. തീർഥാടകരുടെ മടക്കയാത്രയ്ക്ക് പമ്പയിൽ കെഎസ്ആർടിസി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി സ്റ്റേഷൻ ഓഫീസർ അറിയിച്ചു