കോഴഞ്ചേരി : ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തുന്ന നടപടികൾക്കാണ് തുടക്കമായത്.
ഇതിന് ശേഷം കാലടി സ്വദേശിനി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തുടങ്ങും പെരുമ്പാവൂർ സ്വദേശി മുഹമ്മദ് റാഫിയാണ് കേസിലെ ഒന്നാം പ്രതി. ഇലന്തൂർ സ്വദേശി ഭഗവത് സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടികൾ പൂർത്തിയായ ശേഷം സാക്ഷി വിസ്താരം ആരംഭിക്കും. 2022 സെപ്തംബർ 16 ന് പത്മയെ കൊലപ്പെടുത്തി മൃതദേഹം 56 കഷണങ്ങളാക്കി ഇലന്തൂരിൽ ഭഗവത് സിംഗിൻ്റെ വീട്ടു പറമ്പിൽ കുഴിച്ചിട്ടെന്നാണ് കേസ്.
റോസ്‌ലിയുടെ അസ്ഥികൂടങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുന്നത്. ഇതെല്ലാം ഡിഎൻ എ പരിശോധനയിൽ ഇവരുടെ മൃതദേഹങ്ങളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കേസിൽ 166 സാക്ഷിമൊഴികളും 147 തെളിവുകളും 307 രേഖകളും കോടതി പരിശോധിക്കും.