തിരുവല്ല: ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘം സംസ്ഥാനത്തുടനീളം ഉയർത്തിയ പ്രതിഷേധ പ്രക്ഷോഭങ്ങൾ ജനശ്രദ്ധ ആകർഷിച്ചുവെന്നു സംസ്ഥാന സെക്രട്ടറി സിബി വർഗീസ് പറഞ്ഞു. തിരുവല്ല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പദയാത്രകളുടെ ഭാഗമായി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരെ ഏറെ വലയ്ക്കുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിലും, ആരോഗ്യ ആഭ്യന്തര മേഖലകളിലെ അടിക്കടിയുള്ള വീഴ്ചകൾക്ക് പരിഹാരമുണ്ടാക്കുന്നതിലും സംസ്ഥാന സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടു. തൊഴിലാളി ക്ഷേമ പദ്ധതികളും നടപ്പിലാക്കാൻ മുൻകൈ എടുക്കാത്ത സംസ്ഥാന സർക്കാർ തികച്ചും തൊഴിലാളി വിരുദ്ധ പ്രവർത്തികളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്.
നിരവധി അഴിമതി, സദാചാര വിരുദ്ധ പ്രവർത്തികൾ നടത്തിയ ഉമ്മൻചാണ്ടി സർക്കാരിനെ താഴെയിറക്കി ഒൻപത് വർഷം മുമ്പ് അധികാരത്തിലേറിയ പിണറായി സർക്കാരും മുൻസർക്കാരിന്റെ അതേ പാതയാണ് പിന്തുടർന്ന് വരുന്നത്. നിരവധി മന്ത്രിമാർ അഴിമതിയും സദാചാര വിരുദ്ധ പ്രവർത്തനങ്ങളും മൂലം ആരോപണങ്ങൾക്ക് വിധേയരായിരിക്കുകയാണ്.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്വർണ്ണകൊള്ള, ലാവലിൻ, കരിമണൽ, മാസപ്പടി, എക്സാലോജിക്, ഈന്തപ്പഴക്കടത്ത് സ്വർണ്ണക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം സംശയകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മോഹൻ.ജി ജാഥാ ക്യാപ്റ്റനായി. മുത്തൂർ എസ്എൻഡിപി ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്ര സംസ്ഥാന സമിതിയംഗം പി ജി ഹരികുമാർ റാന്നി ഉദ്ഘാടനം ചെയ്തു.
ഇടിഞ്ഞില്ലത്ത് മേഖലാ സെക്രട്ടറി രാജ്പ്രകാശ് വേണാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗവും മേഖലാ പ്രഭാരിയുമായ രാജൻ പള്ളിക്കൽ, മേഖലാ പ്രസിഡന്റ് ടി എൻ സുരേന്ദ്രൻ നായർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ജി സുരേന്ദ്രൻ, കെ എൻ രത്നകുമാർ, മേഖലാ ട്രഷറർ കെപി അനിഴകുമാർ, മേഖലാ വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് നെടുമ്പ്രം, മേഖലാ ജോ.സെക്രട്ടറി അഡ്വ. ജീതു ജെ നായർ, രാഷ്ട്രീയ സ്വയംസേവക സംഘം മണ്ഡൽ സഹകാര്യവാഹ് ബി.രതീഷ്, ബിജെപി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് വെട്ടിക്കൽ, പെരിങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി വി വിഷ്ണു നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.