പത്തനംതിട്ട: ഒരിടവേളയ്ക്ക് ശേഷം ശബരിമല റോപ് വേ നിർമാണത്തിന് ജീവൻ വയ്ക്കുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് അഡ്വക്കറ്റ് കമ്മിഷന്റെ സാന്നിധ്യത്തിൽ നാളെ (2) റോപ് വേ നിർമാണത്തിന് മുന്നോടിയായുള്ള സർവെ ജോലികൾ ആരംഭിക്കും. 2023 മേയ് മാസത്തിൽ ആണ് നിർദ്ദിഷ്ഠ റോപ് വേയുടെ ഏറ്റവും ഒടുവിലെ സർവെ ജോലികൾ നടന്നത്.
കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനെ വനം വകുപ്പ് എതിർത്തത് കാരണം തുടർ നടപടികൾ അന്നു മുടങ്ങുകയായിരുന്നു. 2019 ൽ ആണ് ആദ്യ സർവെ നടന്നത്. പമ്പയിൽ റോപ് വേ സ്റ്റേഷനും വെയർഹൗസും ഓഫിസും സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി ഒന്നേകാൽ ഏക്കർ സ്ഥലം വേണം. ഇവിടെയുള്ള മരങ്ങൾ മുറിച്ചു നീക്കണം. വനഭൂമിക്ക് പകരം 20 സെന്റ് സ്ഥലം വിട്ടു നൽകാൻ ദേവസ്വം ബോർഡ് വനം വകുപ്പുമായി ധാരണയായിട്ടുണ്ട്.
സർക്കാരിന്റെ സർവേ വിഭാഗം, വനം വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സർവെ ജോലികളിൽ പങ്കെടുക്കും. മേയ് 23 ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ 24 മാസത്തിനകം പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് റോപ് വേ നിർമാതാക്കളായ കൊൽക്കത്തയിലെ ദാമോദർ കേബിൾ കാർ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു. തുടക്കത്തിൽ ചരക്ക് നീക്കവും ആംബുലൻസ് സംവിധാനവുമാണ് നടപ്പാക്കുക.
റോപ് വേ നിർമാണത്തിന് എതിർപ്പില്ലെന്ന് വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു