ആലപ്പുഴ : ക്ഷയരോഗത്തിനെതിരെ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പരിശോധനകളിലൂടെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ മരണകാരണമായേക്കാവുന്ന രോഗമാണ് ക്ഷയരോഗം,നഖവും മുടിയും ഒഴികെ ശരീരത്തിന്റെ ഏത് അവയവത്തെയും ക്ഷയരോഗം ബാധിക്കാം, എന്നാല്‍ പ്രധാനമായും.ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം മാത്രമാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. ശാസകോശത്തിന് വെളിയില്‍ ഉണ്ടാകുന്ന ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍ രോഗം ബാധിച്ച അവയവത്തെ ആശ്രയിച്ചിരിക്കുന്നു.
ശ്വാസകോശേതര ക്ഷയരോഗം മറ്റുള്ളവരിലേക്ക് പകരില്ല.പക്ഷെ എത്രയും പെട്ടെന്ന് ചികിത്സ എടുക്കേണ്ടത് രോഗിയുടെ ആയുസ്സിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.ശ്വാസകോശ ക്ഷയരോഗമുള്ള വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലെ ത്തുന്നു .ഈ വായു ശ്വസിക്കാന്‍ ഇടവരുന്ന വ്യക്തികള്‍ക്ക് ക്ഷയ രോഗ ബാധ ഉണ്ടാകും.
ക്ഷയരോഗ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ ,ശരീരം ക്ഷീണിക്കുക, ഭാരം കുറയുക, വിശപ്പില്ലായ്മ, രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന കുളിരോടുകൂടിയ പനി ചുമച്ച് രക്തം തുപ്പുക ,രക്തം കലര്‍ന്ന കഫം ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക .