തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോർഡിലെ ഉന്നത ഉദൃാഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടനിലക്കാരനായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഇന്നലെ അര്‍ധരാത്രിമുതല്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് . ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) രഹസ്യകേന്ദ്രത്തിലാണ് പോറ്റിയെ രാത്രി വൈകിയും ചോദ്യം ചെയ്തത്. സസ്‌പെന്‍ഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെയും ഉടന്‍ ചോദ്യം ചെയ്യും. ബാബുവിനെയും അറസ്റ്റ് ചെയ്യാനാണ് സാധൃത.
2019ൽ ശബരിമല ശ്രീകോവിലിനിരുഭാഗത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിന്‍റെ കട്ടിളയിലെയും പാളികൾ കൊണ്ടുപോയി സ്വർണം കവർന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വൈദ്യപരിശോധനയ്ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്ന് വീണ്ടും ഈഞ്ചയ്ക്കലിലെ ഓഫീസിലെത്തിച്ചു.
ഇവിടെ നിന്ന് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു പോകും.റാന്നി കോടതിയിലേക്കാണ് പോറ്റിയെ കൊണ്ടുപോകുക .12 മണിയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. അന്വേഷണ സംഘം പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെടും.