ആലപ്പുഴ: വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി സിയറ്റ് കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയാക്കി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ ഉദ്യോഗാർഥികൾക്ക് പൂച്ചെണ്ടുകൾ നൽകി യാത്രാശംസകൾ നേർന്നു.
കൊമ്മാടി സ്വദേശിനി ബി ആതിര, വെളിയനാട് സ്വദേശിനി പി എസ് ആര്യ, ചേർത്തല സ്വദേശിനി ആര്യപുത്രി, വയലാർ സ്വദേശിനി ലക്ഷ്മി കൃഷ്ണ എന്നിവരാണ് ആലപ്പുഴ – ചെന്നൈ എക്സ്പ്രസിൽ ജോലിക്കായി യാത്ര തിരിച്ചത്. ഫെബ്രുവരി 11ന് നടത്തിയ സിയറ്റ് കമ്പനിയുടെ ചെന്നൈ ശാഖയിലേക്കുള്ള ഓൺലൈൻ അഭിമുഖം വഴിയാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്.
അസോസിയേറ്റ് ട്രെയിനി ഒഴിവിലാണ് നിയമനം. ഫെബ്രുവരി 20 മുതൽ ഇവർ ജോലിയിൽ പ്രവേശിക്കും. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, വിജ്ഞാന ആലപ്പുഴ ജില്ലാ മിഷൻ കോഡിനേറ്റർ സി കെ ഷിബു, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി വി വിനോദ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റെനി സെബാസ്റ്റ്യൻ തുടങ്ങിയവരും യാത്രയയപ്പില്‍ പങ്കെടുത്തു.