ആലപ്പുഴ: ഭിന്നിപ്പിച്ചു ഭരിക്കുന്ന ശക്തികൾക്കെതിരെ നാം ജാഗ്രത പുലർത്തണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല സാമൂഹ്യനീതിയുടെ പ്രഖ്യാപനം കൂടിയാണെന്നും ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാതല ആഘോഷത്തിൽ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി .
നമ്മുടെ സ്വാതന്ത്ര്യസമരം നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും ചരിത്രമായിരുന്നു. മഹാത്മ ഗാന്ധി എന്ന മഹാത്മാവിന്റെ നേതൃത്വത്തിൽ, അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും പാതയിലൂടെ നാം സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടെത്തി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ഇന്ത്യ ഒരുപാട് ദൂരം പിന്നിട്ടു. വെല്ലുവിളികൾ നിറഞ്ഞ ആ കാലഘട്ടത്തിൽ നിന്ന്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം തലയുയർത്തി നിൽക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ കേരളത്തിന്റെ പങ്ക് വളരെ വലുതാണ്. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയ പ്രക്ഷോഭങ്ങൾ സ്വാതന്ത്ര്യം എന്ന ആശയത്തെ മത-സാമൂഹിക പരിഷ്കരണങ്ങളുമായി ബന്ധിപ്പിച്ചു മന്ത്രി പറഞ്ഞു.
ദേശീയ പതാക ഉയർത്തിയതിനു ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് വർണശബളമായ മാർച്ച് പാസ്റ്റ് നടന്നു. പരേഡിൽ മികച്ച പ്രകടനം നടത്തിയവർക്ക് മന്ത്രി സമ്മാനങ്ങളും വിതരണം ചെയ്തു.






