ചക്കുളത്തുകാവ്: ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങ് നടന്നു. സ്ത്രീകളെ ദേവതാ സങ്കല്‍പ്പമായി കരുതി ആചര വിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണ് ചക്കുളത്തുകാവ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്.
സ്ത്രീകളിൽ ദൈവാംശം കല്പിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ പവിത്രമായ ആചാരം ദർശിക്കാനും പങ്കെടുക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്ത്രീ ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രാവിലെ 9.30 ന് പ്രസിദ്ധമായ നാരീപൂജ ചടങ്ങ് ആരംഭിച്ചു. വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ റാണി മോഹൻദാസിൻ്റെ പാദം കഴുകി പൂജിച്ചാണ് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്തത്. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു.
സിസംബർ 26ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ 27 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.