തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ, നഴ്സിംഗ് , ക്വാളിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന ലോക രോഗീ സുരക്ഷാ വാരാചരണം സമാപിച്ചു. തിരുവല്ല കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിന് സമീപം നടത്തിയ തെരുവ് നാടകത്തിലൂടെ രോഗികൾ വീട്ടിലായിരിക്കുമ്പോൾ അവരെ ശുശ്രൂഷിക്കേണ്ട രീതിയും പരിചരണത്തിൽ പുലർത്തേണ്ട ശുചിത്വവും മുൻകരുതലുകളും എന്തൊക്കെയാണെന്നും അവതരിപ്പിക്കുകയുണ്ടായി.
ബോധവൽക്കരണത്തിനായി വിവിധ മാർഗങ്ങളാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ ചേർന്ന് ആസൂത്രണം ചെയ്തത്. ക്വാളിറ്റി, നഴ്സിംഗ് വിഭാഗത്തിലെ ജീവനക്കാർ തെരുവ് നാടകത്തിന് നേതൃത്വം നൽകി. ഫ്ലാഷ് മോബുമായി മെഡിക്കൽ വിദ്യാർഥികളും റോൾ പ്ലേയുമായി അലൈഡ്കോഴ്സുകളിലെ വിദ്യാർത്ഥികളും പരിപാടികളിൽ പങ്കുചേർന്നു. ആശുപത്രിയിൽ അഡ്മിറ്റായ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും രോഗീസുരക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
പരിപാടികളുടെ ഭാഗമായി നടത്തിയ സൈക്കിൾ റാലിയിലും ക്വിസ് മത്സരത്തിലും പോസ്റ്റർ മത്സരത്തിലും രോഗീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളെക്കുറിച്ച് ചർച്ച നടത്തിയ ‘ഐഡിയാത്തോ’ണിലും എല്ലാ വിഭാഗങ്ങളിലെയും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ സജീവമായി പങ്കെടുത്തു .