തിരുവല്ല : വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം സംബന്ധിച്ച സംസ്ഥാനതല നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. ബിലീവേഴ്സ് ആശുപത്രിയിലെ നഴ്സിംഗ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന നഴ്സിംഗ് ശിൽപ്പശാലയിൽ വച്ച് ബിലീവേഴ്സ് ആശുപത്രിയിൽ ആരംഭിച്ച സ്റ്റോമ ക്ലിനിക്കിന്റെ ഉദ്ഘാടനം ഗവ മെഡിക്കൽ കോളേജ് കോട്ടയം സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ മുരളി ടി വി നിർവഹിച്ചു.
ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷനായ ചടങ്ങിൽ ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീമതി മിനി സാറ തോമസ്, റവ ഫാ തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.
മലമൂത്ര വിസർജനത്തിനായി കുടലിനെയോ മൂത്രവിസർജന സംവിധാനത്തിനെയോ വയറിൻറെ ചർമ്മവുമായി ഘടിപ്പിക്കുന്നതിനെയാണ് സ്റ്റോമ എന്ന് പറയുന്നത്. വിവിധതരം സ്റ്റോമകളെ കുറിച്ച് മനസ്സിലാക്കുന്നതിനും കിടപ്പു രോഗികളിൽ ഉണ്ടാകുന്ന പ്രഷർ ഇഞ്ചുറികൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഉള്ള വിവിധ മാർഗങ്ങളെ കുറിച്ച് ശില്പശാലയിൽ ക്ലാസ്സുകൾ നടന്നു.