പത്തനംതിട്ട : ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആചാരവും അനുഷ്ഠാനവും സംരക്ഷിക്കണമെന്ന ഭക്തജനങ്ങളുടെ വികാരത്തിനൊപ്പമാണ് എന്നും യോഗ ക്ഷേമസഭ എന്ന് സംസ്ഥാന പ്രസിഡൻറ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അറിയിച്ചു.
അത് ലംഘിക്കുന്നതിന് പരോക്ഷമായി കൂട്ടുനിന്നവർ പരസ്യമായി തെറ്റ് സമ്മതിച്ച് അയ്യപ്പസ്വാമിക്ക് പ്രായശ്ചിത്തം ചെയ്യണം. നൈഷ്ഠിക ബ്രഹ്മചാരി ആണ് ശബരിമല ധർമ്മശാസ്താവ്. ഓരോ പ്രതിഷ്ഠക്കും പ്രാണനേകുന്നത് ചില അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്. അത് ലംഘിക്കപ്പെടുന്നത് ഈശ്വര പൂജ ചെയ്യുന്നവർക്ക് ഒരിക്കലും അംഗീകരിക്കാൻ ആവില്ല.
ആചാരങ്ങൾ തകർക്കാൻ ശ്രമിക്കുമ്പോൾ അതീവ സങ്കടത്തോടെ എതിർത്ത ഈശ്വര ദാസന്മാരായ പൂജാരിമാരെ അടച്ചാക്ഷേപിക്കുന്നതിനും കേരളം സാക്ഷിയായതാണ്. നിന്ദ്യമായ വാക്കുകളിൽ വ്രണപ്പെട്ടപ്പോഴും ഭക്തജനങ്ങൾക്കൊപ്പം അടിയുറച്ചു നിൽനിൽക്കുകയാണ് ചെയ്തത്.
ശബരിമലയും ഗുരുവായൂരും ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലെയും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനായി അടിയന്തരമായി നിയമനിർമ്മാണം നടത്തണം.ഇതിനാവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്ര കേരള സർക്കാരുകൾ സത്വര ശ്രദ്ധ പതിപ്പിക്കണം.
നാമജപ ഘോഷയാത്ര ഉൾപ്പെടെ അയ്യപ്പഭക്തർക്കെതിരെ എടുത്ത കേസുകൾ എല്ലാം പിൻവലിക്കുന്നതിനും തയ്യാറാകണം. എങ്കിൽ മാത്രമേ ഭക്തർക്ക് ഒപ്പമാണ് ഭരണകൂടം എന്ന് നാടിനു ബോധ്യപ്പെടുവെന്നും അദ്ദേഹം വ്യക്തമാക്കി.






