റാന്നി : റാന്നി അങ്ങാടിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ 2 പേർ പൊലിസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ പ്രദീപ്, അനിൽ എന്നിവരാണ് പിടിയിലായത്. തിങ്കൾ രാത്രി 10.50നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വർഷങ്ങളായി അങ്ങാടിയിൽ പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്ന തമിഴ്നാട് സ്വദേശിയായ അനിൽകുമാർ(56) ആണ് കൊല്ലപ്പെട്ടത്. കാരറ്റ് വാരിയെടുക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റാന്നി പൊലീസ് പറഞ്ഞു .
വാക്കു തർക്കത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മാരകായുധം എടുത്തു കൊണ്ടുവന്ന് അനിൽ അനിൽകുമാറിനെ തുരുതുരാ വെട്ടുകയായിരുന്നു. അനിൽകുമാറിൻ്റെ ഭാര്യ മഹാലക്ഷ്മിക്കും ആക്രമണത്തിനിടെ ഗുരുതര പരുക്കേറ്റു.
ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്ന് എത്തി റാന്നിയിൽ പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്നു കൊല്ലപ്പെട്ട അനിൽ കുമാർ.