ശബരിമല : ശബരിമല സന്നിധാനത്ത് ഇന്ന് രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പിനെ കണ്ടെത്തി.അപ്പം,അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി. രണ്ടടിയോളം നീളം വരുന്ന വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തീർത്ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്തുനിന്ന് ഇതുവരെ 33 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉൾവനത്തിൽ വിട്ടു. 5 അണലികളെയും 14 കാട്ടുപാമ്പുകളെയും ഉൾപ്പെടെയാണ് പിടികൂടിയത്. തീർത്ഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷ്യൽ ഓഫീസർ ലിതേഷ് ടി പറഞ്ഞു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു.
സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറുക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകൾ ഉണ്ടാക്കും. ആദിവാസി വിഭാഗത്തിലുള്ളവർ ഉൾപ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാർഡുകളും തീർത്ഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ കൺട്രോൾ റൂമാണ് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.