കോന്നി: കോന്നി മെഡിക്കൽ കോളേജിലെ ലാബിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കാരണം രോഗികൾ വലയുന്നതായി പരാതി. മെഡിക്കൽ കോളേജിലെ ലാബിൽ രക്ത സാമ്പിളുകൾ ശേഖരിക്കുന്നതിന് ബോട്ടിലുകൾ ലഭ്യമല്ലെന്നും എക്സ്റേ ഫിലിം നൽകുന്നതിനുള്ള കവറുകളും ഇല്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
എക്സ്റേ ഫിലിമുകൾ പേപ്പറിൽ പൊതിഞ്ഞു ആണ് നൽകുന്നതെന്നാണ് രോഗികൾ പറയുന്നത്. രക്ത സാമ്പിൾ ശേഖരിക്കുന്നതിന് ബോട്ടിലുകൾ ലഭ്യമല്ലാത്തതിനാൽ രോഗികളെ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞയക്കുന്നതായും ആക്ഷേപമുണ്ട്. എക്സ്റേ ഫിലിം ഇട്ടു നൽകുന്നതിന് കുടുംബശ്രീയുടെ ചുമതലയിലാണ് ഇവിടെ കവറുകൾ എത്തിച്ചിരുന്നത്. കവറുകൾ ഇപ്പോൾ ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ തേടി മെഡിക്കൽ കോളേജിൽ എത്തുന്ന നിർധനരും പ്രായാധിക്യവുമുള്ള രോഗികളാണ് അധികൃതരുടെ ഉദാസീനത കാരണം വലയുന്നത്. ആവശ്യത്തിന് ബോട്ടിലുകളും എക്സ്റേ ഫിലിം കവറുകളും എത്തിക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് രോഗികൾ ഇന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.