ന്യൂയോര്‍ക്ക് : യു.എന്‍. ജനറൽ അസംബ്ലിയിൽ കശ്മീരിനെ കുറിച്ച് പരാമര്‍ശം നടത്തിയ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ.പാകിസ്താന്റേത് അങ്ങേയറ്റം കപടമായ നിലപാടാണെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ വിമർശിച്ചു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ വളരെ നാളുകളായി പാകിസ്താൻ അയൽ രാജ്യങ്ങൾക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ്. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാകിസ്താന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും 1971ൽ ന്യൂനപക്ഷ വംശഹത്യ നടത്തുകയും അവരെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യമാണ് അസഹിഷ്ണുതയേയും ഭയത്തേയും കുറിച്ച് സംസാരിക്കുന്നതെന്നും ഭാവിക ചൂണ്ടിക്കാട്ടി.
കാശ്മീരിൽ ഇന്ത്യ സൈനിക ശക്തി വർദ്ധിപ്പിച്ചുവെന്നും ഇതിനായി അന്താരാഷ്ട്ര ഇടപെടലുണ്ടാകണമെന്നും ഷെഹബാസ് ഷെരീഫ് യുഎൻ ജനറൽ അസംബ്ലിയിൽ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യവും പാക് പ്രധാനമന്ത്രി പൊതുസഭയില്‍ ഉന്നയിച്ചു.