കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഒരു വിഭാഗം സി പി എം അംഗങ്ങൾ യു ഡി എഫുമായി ചേർന്ന് പ്രസിഡൻ്റിനും വൈസ്പ്രസിഡൻ്റിനുമെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി
യു ഡി എഫ് പിന്തുണയോടെ പ്രസിഡൻ്റായ ഇടത് സ്വതന്ത്രൻ സി എസ് ബിനോയിക്കും, എൽഡിഎഫ് പിന്തുണയിൽ വൈസ് പ്രസിഡൻ്റായ കോൺഗ്രസ് സ്വതന്ത്ര ഷെറിൻ റോയിയ്ക്കും എതിരെയാണ് അവിശ്വാസം. ഇതു സംബന്ധിച്ച നോട്ടീസ് കോയിപ്രം ബിഡിഒയ്ക്ക് നൽകി.സിപിഎം നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ഒരു വിഭാഗം സിപിഎം അംഗങ്ങൾ കോൺഗ്രസുമായി ചേർന്ന് നിലവിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനുമെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്
തോട്ടപ്പുഴശേരി പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് 5, യുഡിഎഫിന് 3, ബിജെപിക്ക് 3 അംഗങ്ങളും രണ്ട് സ്വതന്ത്രരുമടക്കം 13 അംഗങ്ങളാണുള്ളത്. തിരഞ്ഞെടുപ്പിന് ശേഷം ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ ഇടത് സ്വതന്ത്രനായി ജയിച്ച സി എസ് ബിനോയി യുഡിഎഫ് സ്ഥാനാർത്ഥിയാക്കുകയും ബി ജെ പി പിന്തുണച്ചതോടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു
കോൺഗ്രസ് സ്വതന്തയായി വിജയിച്ച ഷെറിൻ റോയിക്ക് വൈസ് പ്രസിഡൻ്റായി എൽ ഡി എഫും പിന്തുണ നൽകി. എന്നാൽ യൂ ഡി എഫ് പിന്തുണയോടെ പ്രസിഡൻ്റായ സി എസ് ബിനോയിയും ഇടത് പിന്തുണയിൽ വൈസ് പ്രസിഡൻ്റായ ഷെറിൻ റോയിയും ബി ജെ പി അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് എൽ ഡി എഫ് , യു ഡി എഫ് അംഗങ്ങളുടെ ആരോപണം
തോട്ടപ്പുഴശ്ശേരിയിൽ നിലവിൽ ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്നും 2023 ലെ പദ്ധതിയുടെ 56 % മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്നും ജനങ്ങളോട് മറുപടി പറയേണ്ടതുള്ളതിനാലാണ് അവിശ്വാസ പ്രമേയം നൽകിയതെന്നും സി പി എം അംഗമായ റെൻസൻ കെ. രാജൻ പറഞ്ഞു. യു ഡി എഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാക്കിയെങ്കിലും പ്രസിഡൻ്റായ ശേഷം സി എസ് ബിനോയി ബി ജെ പി യുടെ മാത്രം താത്പര്യങ്ങളുസരിച്ചാണ് ഭരണം നടത്തിയതെന്ന് കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ പഞ്ചായത്ത് അംഗവുമായ അഡ്വ. ടി കെ രാമചന്ദ്രൻ നായർ പറഞ്ഞു.യു ഡി എഫ് നേരത്തെ തന്നെ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ അവിശ്വാസ പ്രമേയത്തിലും സി പി എം ലെ അഭിപ്രായവ്യത്യാസം വ്യക്തമാക്കുന്ന തരത്തിൽ സി. പി. അജിത വിട്ടുനിന്നു. പാർട്ടി നേതൃത്വത്തിൻ്റെ അനുമതിയില്ലാതെയാണ് നാല് അംഗങ്ങൾ യുഡിഎഫുമായി ചേർന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്.