തിരുവല്ല: അപ്പർകുട്ടനാട്ടിലെ കാർഷിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ പ്രത്യേക കാർഷിക പാക്കേജ് ആവിഷ്കരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നല്ലിനം വിത്ത് ലഭിക്കാതെയും, ബണ്ട്കൾ തകർന്ന് കൃഷി നാശമുണ്ടായും കർഷകർ ദുരിതത്തിലാണ്.
3000 ത്തിലധികം ഹെക്ടർ വരുന്ന നെൽകൃഷി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണെമെന്നും ആവശ്യപ്പെട്ടു. പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന പൊതുചർചയ്ക്ക് ഏരിയാ ആക്ടിംഗ് സെക്രട്ടറി പി ബി സതീശ് കുമാറും ജില്ലാ കമ്മറ്റിക്കു വേണ്ടി സെക്രട്ടറി കെ പി ഉദയഭാനുവും മറുപടി നൽകി.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, പി ജെ അജയകുമാർ, അഡ്വ. ആർ സനൽകുമാർ, ടി ഡി ബൈജു, ഓമല്ലൂർ ശങ്കരൻ, പി ബി ഹർഷകുമാർ, പി ആർ പ്രസാദ്, നിർമ്മലാദേവി, സ്വാഗത സംഘം കൺവീനർ ജോസഫ് തോമസ്, ഏരിയാ കമ്മറ്റി അംഗം കെ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഏരിയാ സെക്രട്ടറിയായി ബിനിൽകുമാറിനെയും 21 അംഗ ഏരിയാ കമ്മറ്റിയേയും 26 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം ഐകകണ്ഠേന തെരെഞ്ഞെടുത്തു.
ഇന്ന് വൈകിട്ട് 4ന് സൈക്കിൾ മുക്കിൽ നിന്നും പ്രകടനവും റെഡ് വാളൻ്റിയർ മാർച്ചും ആരംഭിക്കും. തുടർന്ന് ആലംതുരുത്തി ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.