തിരുവല്ല : കർണാടക സ്വദേശിയുടെ മകൾക്ക് അമേരിക്കയിൽ പഠനവിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്തരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശിനി കെ. കെ. രാജി(40)യെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
പന്തളം ചുനക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന മംഗലാപുരം സ്വദേശി വിഷ്ണുമൂർത്തി എം ഭട്ടിൻ്റെ പരാതിയെ തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കഴക്കൂട്ടം സ്റ്റേഷനിൽ ഒന്നും തിരുവല്ല പോലീസ് സ്റ്റേഷനിൽ തന്നെ സമാനമായ മൂന്നും കേസുകൾ നിലവിലുണ്ട്. വിഷ്ണുമൂർത്തിയുടെ മകൾക്ക് അമേരിക്കയിൽ വിസ തരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്.
2022 ഏപ്രിൽ 14 ന് യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടുകരയിലെ വാടക വീട്ടിൽ വച്ച് ആദ്യ ഗഡുവായി 4.5 ലക്ഷം രൂപ കൈമാറി. തുടർന്ന് പലപ്പോഴായി ഭട്ടിൻ്റെ വെച്ചൂച്ചിറയിലെ സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതിയുടെ റാന്നി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴിയും പണം കൈമാറി.
പലതവണകളായി ആകെ 10,40,288 രൂപ കൈമാറി. എന്നാൽ പിന്നിട് വിസ നൽകാനോ പണം തിരികെ നൽകാനോ പ്രതി തയ്യാറാകാതെ വന്നതോടെ ഈ വർഷം ഓഗസ്റ്റ് 24 ന് ഭട്ട് തിരുവല്ല പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതി പണം കൈപ്പറ്റിയതായി ബോദ്ധ്യപ്പെട്ടു. പല സ്ഥലങ്ങളിൽ മാറി മാറി വാടകക്ക് താമസിച്ച് വരികയായിരുന്ന രാജി മഞ്ഞാടിയിൽ വാടകക്ക് താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇന്ന് ഉച്ചക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ മഞ്ഞാടിയിലെ വാടകവീടിന് സമീപത്ത് നിന്നും യുവതിയെ പോലീസ് പിടികൂടി
വൈദ്യ പരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പത്തനംതിട്ട അബാൻ ജംഷനിൽ എ ഐ എം എസ് ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തി വന്നിരുന്ന പ്രതി എയർ, ബസ് ടിക്കറ്റുകളും വിദേശ പഠന വിസകളും തരപ്പെടുത്തി കൊടുക്കുന്നുണ്ടെന്നും പോലീസിനോട് വെളിപ്പെടുത്തി. പരാതിക്കാരന് വിസയോ പണമോ തിരികെ നൽകിയിട്ടില്ലെന്നും പ്രതി സമ്മതിച്ചു
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, തിരുവല്ല ഡി വൈ എസ് പി, എസ്. അഷാദ് എന്നിവരുടെ മേൽനോട്ടത്തിൽ, തിരുവല്ല പോലീസ് ഇൻസ്പക്ടർ ബി. കെ. സുനിൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ എസ്. ഐ. മുഹമ്മദ് സാലിഹ്, എസ് സി പി ഓ മനോജ്, സി പി ഓ പാർവ്വതി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.