തിരുവല്ല: പ്രസിദ്ധമായ കദളിമംഗലം പടേനിയിൽ ഇരു വെള്ളിപ്പറ – തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടേനി ഇന്ന് നടക്കും. രാത്രി 9.30 ന് വിളക്ക് വെച്ച് പുലവൃത്തത്തോടെ വലിയ ഇടപ്പടേനിയ്ക്ക് തുടക്കം ആകും . പുലവൃത്തത്തിൽ പ്രത്യേക ഇനമായ കോൽകളി അരങ്ങേറും. ശേഷം തപ്പിൽ ജീവതാളത്തിൽ കൊട്ടി കയറും. കാച്ചിയ തപ്പിലാണ് മേളം നടത്തുന്നത്. തപ്പ് മേളം കാപ്പൊലിച്ചതിന് ശേഷം താവടി നടക്കും. തുടർന്ന് മുപ്പത്തിമുക്കോടി ദവ കളും യക്ഷികിന്നരഗന്ധർവ്വാദി സൈന്യങ്ങളെയും കരക്കാർ ഒത്തു ചേർന്ന് ചൂട്ടുകറ്റ കത്തിച്ച് പിടിച്ച് കൂകി വിളിച്ച് വരുത്തുന്നതിനായി ക്ഷേത്രത്തിന് 3 പ്രദക്ഷിണം വെച്ച് ചൂട്ട് വെയ്ക്കുമ്പോൾ ചൂട്ട് വെയ്പ്പ് പൂർത്തിയാകുന്നു.
ശേഷം വിനോദ ഇനമായ പരദേശി അരങ്ങേറും. ശേഷം ഗണപതി കോലത്തോടെ പാളകോലങ്ങളുടെ തുള്ളലിന് തുടക്കം ആകും. തലയിലെടുത്ത് തുള്ളുന്നതിൽ ഏറ്റവും വലിയ കോലമായ അമ്മയുടെ പ്രതിരൂപമായ 101 പാളയുടെ രൗദ്രഭാവങ്ങൾ നിറഞ്ഞ ഭൈരവി കോലങ്ങൾ രണ്ടാമതായി കളത്തിൽ തുള്ളി മാറും. കാലപഴക്കം കൊണ്ടും മുതിർന്ന ആശാൻ മാരുടെ വിയോഗത്താലും അന്യം നിന്നു പോന്നിട്ടുള്ള കോല ചുവടിലും പാട്ടിലും വ്യത്യസ്ഥത പുലർത്തുന വൈവിധ്യങ്ങളടങ്ങിയ മറ പിടിച്ച് തുള്ളുന്ന അന്തര യക്ഷി കോലം മറ നീക്കി കളത്തിലെത്തും.
പിന്നീട് കാലൻ കോലങ്ങൾ കളത്തിൽ എത്തും. നിരവധി കോലങ്ങൾ തുള്ളി മാറേണ്ടതിനാൽ സമയം ലാഭിക്കുവാൻ ഒരു സമയം 2 കാലൻ കോലങ്ങൾ വീതം ആണ് തുള്ളി മാറുന്നത്. . ശേഷം കരി മറുത കോലം തുള്ളി മാറും .തുടർന്ന് ചെറുകോലങ്ങളായ പക്ഷി , യക്ഷി, മറുത തുടങ്ങിയവും 32, 16 പാളകളുടെ ഒന്നിലധികം ഭൈരവി കോലങ്ങളും കളത്തിൽ തുള്ളി മാറും. ഇന്നലെ വെൺപാലകരക്കാരുടെ ചെറിയ ഇടപ്പടേനി നടന്നു.