പത്തനംതിട്ട : ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വർഷം കഠിനതടവും 3. 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. കോന്നി ചേരിമുക്ക് മാങ്കുളം ആനക്കല്ലുങ്കൽ ലാലു എന്ന് വിളിക്കുന്ന ജോഷ്വായാണ് ശിക്ഷിക്കപ്പെട്ടത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും, ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി വിവിധ കാലയളവുകളായി ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകണം, അടച്ചില്ലെങ്കിൽ 3 വർഷവും 3 മാസവും കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതിവിധിയിൽ പറയുന്നു.
2022 ജൂലൈ 29 നാണ് സംഭവം. വീടിനുള്ളിൽ ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിയെ ഭയപ്പെടുത്തി ഗുരുതരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനും തടഞ്ഞുവയ്ക്കുന്നതിനും ഭീഷണിപ്പെടുത്തലിനും ബാലനീതി നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അന്നത്തെ കോന്നി പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ രതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുന്നും 17 സാക്ഷികളെ വിസ്തരിച്ചു.