കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട് .
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഷൈനിയും മക്കളും കഴിഞ്ഞ 9 മാസമായി പാറോലിക്കലിൽ ഷൈനിയുടെ വീട്ടിലായിരുന്നു താമസം. രണ്ട് പെൺമക്കളെ കൂടാതെ ഇവർക്കൊരു മകനുമുണ്ട്. മകൻ നോബിയോടൊപ്പമാണ് താമസം. ഷൈനി തൊടുപുഴ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരുന്നതിനിടയിലായിരുന്നു കൂട്ട ആത്മഹത്യ.സംഭവത്തിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കളും നാട്ടുകാരും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.