തിരുവല്ല: യുവതി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി അവർക്കയച്ചുകൊടുത്ത കേസിൽ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കോയിപ്രം വെണ്ണിക്കുളം പാട്ടക്കാല ചാപ്രത്ത് വീട്ടിൽ മിഥുൻ സി വർഗീസ് (26) ആണ് അറസ്റ്റിലായത്. വിവാഹിതയും 32 കാരിയുമാണ് യുവതി.
ഇന്നലെ ഉച്ചയ്ക്ക് ഇയാൾ സ്വന്തം എഫ് ബി അക്കൗണ്ടിൽ നിന്നും യുവതിയുടെ ഫേസ് ബുക്ക് ഐ ഡി ലിങ്കിലേക്ക് മോർഫ് ചെയ്ത ചിത്രം അയക്കുകയായിരുന്നു. യുവതി ഇട്ട ഫോട്ടോ എടുത്ത് രൂപമാറ്റം വരുത്തി നഗ്നചിത്രമാക്കിയശേഷമാണ് അയച്ചത്. തുടർന്ന് യുവതി സ്റ്റേഷനിലെത്തി പരാതി നൽകുകയും, മൊഴി എസ് സി പി ഒ ഷെബി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പിന്നീട് പ്രതിയെ വീടിനടുത്ത് നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ ഫോട്ടോ യുവതിക്ക് അയച്ചുകൊടുത്ത് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.