തിരുവനന്തപുരം: കെഎസ്‌ആര്‍സി ബസുകളില്‍ അടുത്ത മാസം മുതല്‍ ഗൂഗിള്‍ പേ വഴി പണം നല്‍കി ടിക്കറ്റെടുക്കാവുന്ന സംവിധാനം വരുന്നു. ഓണ്‍ലൈന്‍ പേയ്മെന്‍റ് ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കുന്ന സംവിധാനം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് സംസ്ഥാനത്താകെ ദീര്‍ഘദൂര ബസുകളില്‍ ഒരു മാസത്തിനകം സംവിധാനം നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്.
ചില്ലറയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.
യാത്രക്കാരന്‍ ഓണ്‍ലൈനായി അയയ്ക്കുന്ന പണം കെഎസ്‌ആര്‍ടിസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്ന രീതിയിലാണ് സംവിധാനം. കണ്ടക്ടര്‍മാര്‍ക്ക് നല്‍കുന്ന ടിക്കറ്റ് മെഷീനിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അടയ്ക്കുന്നതിനു പുറമെ എടിഎം കാര്‍ഡ് സ്വൈപ് ചെയ്ത് പണമടക്കാനുള്ള സൗകര്യവും ഉടനെ വരും. ഇതിനു പുറമെ ലൈവ് ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഉടന്‍ നടപ്പിലാക്കാനാണ് കെഎസ്‌ആര്‍ടിസി തീരുമാനം.
കണ്ടക്ടര്‍ക്ക് നല്‍കുന്ന ടിക്കറ്റ് മെഷീനിലെ ജിപിഎസ് സംവിധാനത്തിലൂടെ വണ്ടി എവിടെയെത്തിയെന്നും യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി അറിയാനും കഴിയും.