പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.ആരോഗ്യകരവും ശുചിത്വവുമായ മാംസം ജനങ്ങളുടെ അവകാശമാണ്.. മേന്മയേറിയ മാംസം നല്‍കുന്നതിനൊപ്പം ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന ഇതുപോലുള്ള ആധുനിക അറവുശാല നാടിനുവേമെന്ന് അറവുശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
സ്വകാര്യ പങ്കാളിത്തേത്തോടെ ബി.ഒ.ടി വ്യവസ്ഥതയില്‍ നടപ്പാക്കുന്ന പദ്ധതി അറവുമാടുകളെ നൂതന സംവിധാനത്തിലൂടെ മെഷീന്‍ വഴി അണുവിമുക്തമാക്കി കശാപ്പു ചെയ്ത് പൊതുജനങ്ങള്‍ക്ക് നല്‍കുന്നു.മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്ത്വമാണെന്ന് മന്ത്രി പറഞ്ഞു. പിഴ ചുമത്തിയതു കൊണ്ടു മാത്രം മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ തടയാനാകില്ല.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. 9446700800 വാട്ട്സ്ആപ്പ് നമ്പറില്‍ ജനങ്ങള്‍ക്ക് മാലിന്യം വലിച്ചെറിയുന്നവരുടെ വീഡിയോ സഹിതം പരാതിപ്പെടാം. പിഴ ചുമത്തുന്നതിന്റെ നാലിലൊന്ന് തുക അറിയിക്കുന്ന ആള്‍ക്ക് നല്‍കും. ഈ രീതിയില്‍ മാത്രം 30 ലക്ഷം രൂപയോളം പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു.
വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണവും ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള മാംസം വിപണിയില്‍ എത്തിക്കുന്നതാണ് പദ്ധതി. 1.20 കോടി രൂപയാണ് ചെലവ്. സര്‍ക്കാര്‍ സഹായത്തിന് പുറമെ ഗ്രാമപഞ്ചായത്ത് 30 ലക്ഷവും ജില്ലാ പഞ്ചായത്ത് 20 ലക്ഷവും ചെലവഴിച്ചു. പ്രതിദിനം 15 മുതല്‍ 20 കന്നുകളെ കശാപ്പ് ചെയ്യാനുള്ള യന്ത്രങ്ങളുണ്ട്.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ഫിലിപ്പ് അധ്യക്ഷയായി.